Thursday, January 29, 2009

ദുര്‍ഗ്ഗയും ഭദ്രയും വാണരുളുന്ന മഹാക്ഷേത്രം

ക്ഷിണകേരളത്തിലെ പേരുകേട്ട ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് പനയ്ക്കറ്റോടില്‍ ഭഗവതി ക്ഷേത്രം. കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്താണ് അതിപുരാതനമായ ഈ ഹൈന്ദവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട മനോഹരമായ ഒരു ഗ്രാമമാണ് തെക്കുംഭാഗം. ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിയെക്കുറിച്ച് ആധികാരികമായ ചരിത്രരേഖകളൊന്നും ഇപ്പോള്‍ ലഭ്യമല്ല. എങ്കിലും ആയിരത്തിലേറെ വര്‍ഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുള്ളതായി വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രം നിലകൊള്ളുന്ന ഈ ഗ്രാമത്തില്‍ പുരാതന കാലത്ത് ജനവാസം തീരെ കുറവായിരുന്നു. ഒരിക്കല്‍ ദേശാന്തിരയായി ചുറ്റിത്തിരഞ്ഞ ഒരു നന്പൂതിരി യുവാവ് തന്‍റെ യാത്രയ്ക്കിടെ ഈ ഗ്രാമത്തിലെത്തിച്ചേര്‍ന്നു. തച്ചുശാസ്ത്രത്തില്‍ അതി നിപുണനായിരുന്ന കോയിപ്പുറത്ത് നന്പീശനാശാരിയും നന്പൂതിരിയുവാവുമായി കണ്ടുമുട്ടാന്‍ ഇടയായി. ഈഗ്രാമത്തില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ക്കുറിച്ച് അവര്‍ സംസാരിച്ചു. ആശാരി നിര്‍മ്മിച്ച ആരൂഢത്തില്‍ ഭദ്രകാളി പ്രതിഷ്ഠ നിര്‍വഹിച്ച് നന്പൂതിരി ശാന്തിക്കാരനായി അവിടെ കഴിഞ്ഞു. തുടര്‍ന്ന് ക്ഷേത്ര ശ്രീകോവില്‍, മണ്ഡപം, ചുറ്റന്പലം, ബലിക്കല്‍പ്പുര തുടങ്ങിയവ നിര്‍മ്മിച്ചു. ക്ഷേത്രം പ്രശസ്തമായതോടെ ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരാനും തുടങ്ങി. തെക്കുംഭാഗത്ത് വളയാപ്പള്ളില്‍ കുടുംബവക സ്ഥലത്തായിരുന്നു ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ക്ഷേത്രനിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത് മഞ്ഞിപ്പുഴ തന്പുരാനായിരുന്നെന്ന് ചില രേഖകളില്‍ കാണുന്നുണ്ട്.
കൊല്ല വര്‍ഷം 1121ല്‍ (1946ല്‍ ) ക്ഷേത്രം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായി.

Sunday, January 11, 2009

ഐതിഹ്യം

ശതാബ്ദങ്ങള്‍ക്ക് മുന്പ് ഒരു പാണന്‍ കാളികടവില്‍(അഷ്ടമുടിക്കായലിലെ ഒരു കടവ്) ചൂണ്ടയിട്ടുകൊണ്ടിരിക്കുന്പോള്‍ ഒരു തൂശനിലയില്‍ കുറെ തെച്ചിപ്പുവും പച്ചരിയും ഒഴുകി വരുന്നതു കണ്ടു.
നീ എനിക്ക് പനയ്ക്കറ്റോടിലേക്ക് വഴികാണിക്കു എന്ന് ഒരു ദിവ്യസ്ത്രീരൂപം പ്രത്യക്ഷപ്പെട്ടുകൊണ്ട പാണനോട് ആജ്ഞാപിച്ചു. പാണന്‍ അനുസരിച്ചു. മുന്പേനടന്ന് ക്ഷേത്രത്തിലെത്തിച്ചു. അപ്പോള്‍ അവിടെ മുത്താലില്‍കുടുംബ കാരണവര്‍ അവിടെ നിന്നിരുന്നു. പാണനെ തിരിച്ചയക്കാന്‍ ആ ദിവ്യസ്ത്രീ കാരണവരോട് പറയുകയും കയ്യിലിരുന്ന വടി അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു.ഞാന്‍ ഇന്നുമുതല്‍ ഈ ക്ഷേത്രത്തില്‍ ഇരിക്കാന്‍ പോകുന്നു, ഞാന്‍ പുറത്തിറങ്ങുന്പോള്‍ മൂത്താലിക്കാര്‍ വടിയുമായി എന്‍റെ മുന്പേ നടക്കണം. പാണന്‍ എനിക്ക് വഴികാട്ടണം. എന്നുപറഞ്ഞ് ആ ദിവ്യജ്യോതിസ് അവിടെയുണ്ടായിരുന്ന പഴയ ക്ഷേത്രത്തിലേക്ക് കയറിപ്പോയി. ഒരു കലമാന്‍ സഞ്ചരിക്കുന്നത് പലരും കണ്ടു. ഊരാണ്മക്കാര്‍ കലമാനിനെ സ്വപ്നം കണ്ടു. പിറ്റേദിവസം എല്ലാവരും ചേര്‍ന്ന് ദേവപ്രശ്നം നടത്തി. പുതുതായി വന്നതും കലമാനിനെ സ്വപ്നം കാണിച്ചതും ദുര്‍ഗ്ഗദേവിയാണെന്ന് പ്രശ്നത്തില്‍ തെളിഞ്ഞു. ദേശരക്ഷയ്ക്കുവേണ്ടി നടത്തിയ ആ ഊരുവലത്തിന് സ്മരണയായി ആണ്ടുതോറും ഉത്സവാരംഭത്തിന്‍റെ തലേദിവസം നാലുകരകളിലേയും കന്യകമാരുടെ താലപ്പൊലിയോടുകുടി ദേവിയെ ഊരുവലത്തായി എഴുന്നള്ളിക്കാന്‍ തീരുമാനിച്ചു. ഈ എഴുന്നള്ളിപ്പിന് ജിവത കലമാന്‍ കൊന്പായിരിക്കണമെന്നും എഴുന്നള്ളിക്കുന്നത് ഏഴ് ദിവസത്തെ വ്രതമെടുത്ത, അന്പലം നില്‍ക്കുന്ന കരയിലെ ഒരു ബാലികയായിരിക്കണമെന്നും ദേവിയുടെ ഇച്ഛയായി പ്രശ്നത്തില്‍ തെളിഞ്ഞത് എല്ലാവരും അംഗീകരിച്ചു.



മൂത്താലിക്കാര്‍ ദേവിയുടെ വടിയുമായി മുന്പേനടക്കണമെന്നും പാണന്‍ വഴികാട്ടണമെന്നും കല്പനയായി. വഴികാണിച്ചതിന് കാരണവര്‍ നല്‍കിയ രാശിപ്പണം കൊടുത്ത് പാണന്‍ കള്ള് വാങ്ങിക്കുടിച്ചു. കള്ള് വിറ്റ ഈഴവന്‍ ആ പണം കൊടുത്ത് കരിമീന്‍ വാങ്ങി കറിവച്ചു. പ്രശ്നത്തില്‍ തെളിഞ്ഞ ഈ കാര്യങ്ങള്‍ ഇരുവരും സമ്മതിക്കുകയും ദേവിക്ക് വഴിപാടായി ആ ഈഴവകുടുംബത്തില്‍ നിന്നും ആണ്ടുതോറും താലപ്പൊലിക്ക് മുന്പായി ഒരു സ്വര്‍ണക്കുമിള കാഴ്ചവയ്ക്കാമെന്ന് സ്വയം ഏല്‍ക്കുകയും ചെയ്തു. അങ്ങനെയാണ് ഈ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്‍റെ ഉദ്ഭവം.

Footer

Template Information

Template Updates