Thursday, April 30, 2009

നാല്‍പ്പത്തിരുനാഴി അളന്നു

ആറാംഉത്സവം നടത്തുന്ന നടുവത്തുചേരി കരക്കാര്‍ ഇന്ന് നാല്പത്തിരുനാഴി അളന്നു. ഓരോ ഉത്സവവും നടത്തുന്നവര്‍ തലേദിവസം ക്ഷേത്രത്തിലെത്തി ദീപാരാധനയ്ക്കുശേഷം അടുത്ത ദിവസം തങ്ങള്‍ നടത്തുന്ന ഉത്സവചടങ്ങുകളെക്കുറിച്ചും പരിപാടികളെ കുറിച്ചും ക്ഷേത്രകാര്യസ്ഥനെ ( ദേവസ്വം സബ്ഗ്രുപ്പ് ഓഫീസറെ) അറിയിക്കുന്ന ചടങ്ങാണിത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ ചടങ്ങില്‍ ഉത്സവദിനത്തില്‍ ക്ഷേത്രത്തിലേക്ക് വേണ്ടുന്ന ചെലവുകള്‍ക്കായി 42 നാഴി അരി അളന്നു നല്‍കുന്നു. അതിനാലാണ് ഈ ചടങ്ങിന് നാല്പത്തിരുനാഴി അളവ് എന്ന പേര് സിദ്ധിച്ചത്. ഇപ്പോള്‍ അരി അളന്നു നല്‍കാറില്ല, മുപ്പത്തിയൊന്‍പത് രൂപ അന്‍പത് പൈസ സബ്ഗ്രൂപ്പ് ഓഫീസര്‍ക്കു നല്‍കി രസീത് വാങ്ങുന്നു. ഓഫീസര്‍ കരക്കാര്‍ക്ക് നാലുംകൂട്ടിയുള്ള മുറുക്കാന്‍ (വെറ്റില, അടക്ക, ചുണ്ണാന്പ്, പുകയില) നല്‍കി യാത്രയാക്കുന്നു.

സംഗീതാര്‍ച്ചന

അഞ്ചാം ഉത്സവമായ ഇന്ന് ക്ഷേത്രത്തില്‍ കുമാരി സ്വാതി കൃഷ്ണന്‍െറ സംഗീതാര്‍ച്ചന അരങ്ങേറി. സംഗീതകച്ചേരി ആസ്വദിക്കാന്‍ ധാരാളം ഭക്തജനങ്ങള്‍ എത്തിയിരുന്നു.


അര്‍ച്ചനാപത്രിക 2009

2009 ലെ അര്‍ച്ചനാപത്രിക ലഭിക്കാന്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ മതി.

Page 6

Page 5

സന്ദര്‍ശിക്കുക

ക്ഷേത്രത്തിലെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക
പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രം
അഞ്ചാം ഉത്സവം ക്ഷേത്ര ഊരാഴ്മക്കാരായ അഴകത്ത് കുടുംബക്കരാണ് നടത്തുന്നത്. ഇന്ന് രാത്രി 7.30 മുതല്‍ സംഗീതാര്‍ച്ചന, പാടുന്നത് കുമാരി സ്വാതി കൃഷ്ണന്‍

Wednesday, April 29, 2009

കഥകളി അരങ്ങേറുന്നു

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തില്‍ ഇന്ന് നാലാം ഉത്സവമാണ്. പൊന്നോടില്‍ കുടുംബത്തിനാണ് ക്ഷേത്രത്തിലെ നാലാം ഉത്സവം നടത്തുന്നതിനുള്ള അവകാശം ലഭിച്ചിരിക്കുന്നത്. ക്ഷേത്രസന്നിധിയില്‍ ഇപ്പോള്‍ കഥകളി അരങ്ങേറുകയാണ്. കഥകളി നേര്‍ച്ചയായി നടത്തുന്നത് മാലിഭാഗം പടിഞ്ഞാറ് മോഹനാലയത്തില്‍ ശശിധരന്‍പിള്ള എന്ന ദേവീഭക്തനാണ്. കലാമണ്ഡലം ഗോപി ഒരുങ്ങുന്നു.
മാസ്റ്റര്‍ അനന്തു രംഗത്തെത്താന്‍ തയ്യാറെടുക്കുന്നു,
മൊബൈലില്‍ പകര്‍ത്തിയ ചില ദൃശ്യങ്ങള്‍ താഴെ








വാഹനഘോഷയാത്ര

ക്ഷേത്രത്തിലെ മൂന്നാം ഉത്സവത്തിനു നടന്ന വാഹനഘോഷയാത്രയില്‍ നിന്നും ചില ദൃശ്യങ്ങള്‍







Sunday, April 26, 2009

ഭക്തിയുടെ കൊടിയേറ്റം

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് കൊടിയേറി. ഇന്ന് രാത്രി 8നും 8.30നുമിടയ്ക്കു് ക്ഷേത്രം തന്ത്രി കുന്നത്തൂര്‍ ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിലന്‍ ബ്രഹ്മശ്രീ നീലകണ്ഠര് ഭട്ടതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് കൊടിയേറ്റു നടന്നത്. പ്രധാന കൊടിമരത്തിലും ശാസ്താവിനു മുന്നില്‍ സ്ഥാപിക്കുന്ന കൊടിമരത്തിലുമാണ് കൊടിയേറ്റു നടന്നത്.

തിരുവുത്സവം കൂടുതല്‍ ചിത്രങ്ങള്‍

കൊടിക്കൂറയുമായി കോയിപ്പുഴ കുടുംബക്കാര്‍ ക്ഷേത്രത്തിലേക്ക് വരുന്നു
കൊടിമരം കൊണ്ടുവരുവാനായി തെക്കുംഭാഗം കരക്കാര്‍ ആര്‍പ്പുവിളികളുമായി വടക്കുംഭാഗം കരയിലേക്ക് പോകുന്നു.
കൊടിമരത്തിനായി കണ്ടെത്തിയ കമുക് പിഴുന്നതിനു മുന്‍പ് തച്ചന്‍ പൂജകള്‍ ചെയ്യുന്നു. തുടര്‍ന്ന് നാളീകേരമുറിയില്‍ വെള്ളമൊഴിച്ച് അതില്‍ ഒരു നെന്മണിയും തെച്ചിപ്പൂവിതളുമിട്ട് ലക്ഷണം നോക്കുന്നതാണ് കീഴ്പ്പതിവ്. ഇത്തവണ ലക്ഷണം നോക്കിയപ്പോള്‍ പൂവിതള്‍ മേടം രാശിയില്‍ നിന്നതിനാല്‍ ഉത്സവദിനങ്ങള്‍ അത്യധികം ശുഭമായിരിക്കുമെന്ന് തച്ചന്‍ അറിയിച്ചു.

കമുകില്‍ തച്ചന്‍ ചന്ദ്രക്കല, ചക്രം, ശംഖ് എന്നിവ കൊത്തുന്നു.

കൊടിമരവും തോളിലേറ്റി തെക്കുംഭാഗം കരക്കാര്‍ ആര്‍പ്പുവിളികളുമായി ക്ഷേത്രത്തിലേക്ക്...

താലപ്പൊലി-കൂടുതല്‍ ചിത്രങ്ങള്‍

ദേവിയെ നിറപറയുമായി വരവേല്‍ക്കുന്നു
അന്‍പൊലിപ്പറയുമായി ഭക്തരുടെ കാത്തുനില്‍പ്പ്

Saturday, April 25, 2009

ഈ വര്‍ഷത്തെ താലപ്പൊലി ഉത്സവ ദൃശ്യങ്ങള്‍

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം അല്പം മുന്‍പ് ആരംഭിച്ചു.(2009 ഏപ്രില്‍ 25 ശനിയാഴ്ച) ആനക്കൊട്ടില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ശ്രീ സി.കെ. ഗുപ്തന്‍ ദേവിക്ക് സമര്‍പ്പിച്ചപ്പോള്‍

സ്വര്‍ണ്ണക്കൊടിമരഫണ്ടിന്റെ ആദ്യ സംഭാവന സ്വീകരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ബോര്‍ഡ് പ്രസിഡന്റ് നിര്‍വഹിച്ചപ്പോള്‍


താലപ്പൊലിയെഴുന്നള്ളത്ത് സമാരംഭിക്കുന്നു

ക്ഷേത്രത്തിനു മുന്നിലെ കളിത്തട്ടില്‍ നിന്ന് ദേവി ദര്‍ശനം നല്‍കുന്നു.
കുളങ്ങരവെളി ദേവീപീഠത്തില്‍നിന്നുള്ള കാഴ്ചകള്‍ (താഴെ)

Thursday, April 23, 2009

തിരുവുത്സവത്തിന് ഇന്ന് തുടക്കമായി

ചവറതെക്കുംഭാഗം മേജര്‍ ശ്രീ പനയ്ക്കറ്റോടില്‍ ഭഗവതീക്ഷേത്രത്തിലെ
വര്‍ഷത്തെ
തിരുവുത്സവത്തിന് ഇന്ന് തുടക്കമായി. ദേവിയുടെ തങ്കയങ്കിയും തിരുവടയാളവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. ഘോഷയാത്ര അല്പസമയത്തിനകം ക്ഷേത്രത്തിലെത്തിച്ചേരും. തുടര്‍ന്ന് ദേവിക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തും. നാളെയാണ് പൊങ്കാല മഹോത്സവം. ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാലയ്ക്കുവേണ്ട ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞു.

Footer

Template Information

Template Updates