Showing posts with label ഉത്സവവിശേഷങ്ങള്‍ -2010. Show all posts
Showing posts with label ഉത്സവവിശേഷങ്ങള്‍ -2010. Show all posts

Monday, April 19, 2010

ഇന്ന് നാലാം ഉത്സവം (19-04-2010)

പൊന്നോടില്‍ കുടുംബക്കാരുടെ വകയായാണ് നാലാം ഉത്സവം നടത്തിവരുന്നത്. സാധാരണ പരിപാടികള്‍ക്കു പുറമേ 7 മണിക്ക് സംഗീതസദസ്സ് ഉണ്ടായിരിക്കും. പാടുന്നത് കുമാരി ആരതി കൃഷ്ണ, കരുനാഗപ്പള്ളി.

പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രത്തിന് വെബ് സൈറ്റ്

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിനൊരു വെബ് സൈറ്റ് ഒരു ഭക്തന്‍ നിര്‍മ്മിച്ച് സമര്‍പ്പിച്ചു. http://sripanakkatodil.com
ഈ ലിങ്കവഴി സൈറ്റില്‍ പ്രവേശിക്കാം. വെബ് ഡിസൈനറായ രജനീഷ് ആണ് ദേവിക്ക് വെബ്സൈറ്റ് സമര്‍പ്പിച്ചിരിക്കുന്നത്.

Saturday, April 17, 2010

ഇന്ന് രണ്ടാം ഉത്സവം : ക്ഷേത്രത്തില്‍ കഥകളി

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ രണ്ടാം ഉത്സവം പള്ളത്താഴത്ത് കുടുംബവകയായാണ് നടത്തി വരുന്നത്. സാധാരണ ചടങ്ങുകള്‍ക്ക് പുറമെ രാത്രി മേജര്‍സെറ്റ് കഥകളി അരങ്ങേറുന്നു. പനയ്ക്കറ്റോടിലമ്മയുടെ പ്രിയപ്പെട്ട വഴിപാടായ കഥകളി നേര്‍ച്ചയായി നടത്തുന്നത് നടുവത്ത് ചേരി കാനൂര്‍വീട്ടില്‍ ശ്രീ സുരേഷ് ബാബുവാണ് (ആശാനികേതന്‍).കര്‍ണ്ണശപഥവും കിരാതവുമാണ് കഥകള്‍. ഈ പോസ്റ്റിടുംപോള്‍ കര്‍ണ്ണശപഥം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.






Friday, April 16, 2010

താലപ്പൊലി മഹോത്സവം സമാപിച്ചു, ഇന്ന് തൃക്കൊടിയേറ്റ്

ദേവി നാടുകാണാനിറങ്ങുന്ന താലപ്പൊലി മഹോത്സവം ഇന്ന് രാവിലെ 11.30ന് ദേവി തിരികെ ക്ഷേത്രത്തിലെത്തിയതോടെ സമാപിച്ചു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മുതല്‍ ഇന്ന് രാവിലെ വരെയുള്ള എല്ലാ പൂജകളും നടത്തിയശേഷമാണ് ക്ഷേത്രം അടച്ചത്. പുത്തന്‍തുറയിലെ അരയസമുദായക്കാര്‍ കൊടിക്കയറും കോയിപ്പുഴ കുടുംബക്കാര്‍ കൊടിക്കൂറയും ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. പിന്നീട് തെക്കുംഭാഗം കരക്കാരുടെ നേതൃത്വത്തില്‍ ആര്‍പ്പുവിളികളോടെ മാലിഭാഗം കരയിലേക്ക് കൊടിമരം കൊണ്ടുവരാന്‍ പോയി. മാലിഭാഗം കിഴക്കേക്കരയില്‍ തെങ്ങുവച്ചവിളയില്‍ ബാബുക്കുട്ടന്‍ നായരുടെ വീട്ടില്‍ നിന്നായിരുന്നു കൊടിമരത്തിനുള്ള കവുങ്ങ് കൊണ്ടുവന്നത്. ഇന്ന് രാത്രി 8 നും 9 നുമിടയില്‍ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റു നടക്കും.

കൊടിക്കയറുമായി പുത്തന്‍തുറക്കാര്‍ ക്ഷേത്രത്തിലേക്ക്
അഡ്വൈസറി പ്രസിഡന്‍റ് സ്വീകരിക്കുന്നു


കൊടിക്കൂറയുമായി കോയിപ്പുഴ കുടുംബക്കാര്‍
കൊടിമരം കൊണ്ടുവരാനായി ആര്‍പ്പുവിളികളോടെ തെക്കുംഭാഗം കരക്കാര്‍ മാലിഭാഗത്തേക്ക്

Wednesday, April 14, 2010

ഉത്സവഛായയില്‍ ക്ഷേത്രം




പൂമാലകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട ക്ഷേത്രത്തിന് ശരിക്കും ഉത്സവഛായ കൈവന്ന ദിവസമായിരുന്നു ഇന്ന്. ദേവീദര്‍ശനത്തിനെത്തിയവരുടെ തിക്കും തിരക്കും ശരിക്കും ക്ഷേത്രത്തില്‍ ഇന്നു രാവിലെ മുതല്‍ അനുഭവപ്പെട്ടു തുടങ്ങി.

ആയിരങ്ങള്‍ ഇന്ന് പൊങ്കാലയര്‍പ്പിച്ചു

പനയ്ക്കറ്റോടിലമ്മയുടെ തിരുമുന്പില്‍ ഇന്ന് ആയിരങ്ങളാണ് പൊങ്കാലയര്‍പ്പിക്കാനെത്തിയത്. ക്ഷേത്രത്തിന് കിഴക്ക്, അലങ്കാര ഗോപുരം വരെ പൊങ്കാലയടുപ്പുകള്‍ നിരന്നിരുന്നു. രൂക്ഷമായ ജലക്ഷാമം പോലും വകവയ്ക്കാതെയാണ് പൊങ്കാലയര്‍പ്പിക്കാന്‍ ഭക്തര്‍ എത്തിയത്. 7.30 ന് ആരംഭിച്ച പൊങ്കാല ഏകദേശം 9.30 മണിയോടുകൂടി സമാപിച്ചു. ഇന്ന് വൈകിട്ട് ക്ഷേത്രത്തില്‍ ദീപക്കാഴ്ചയും 7 മണിക്ക് പൂമൂടലും 7.30 ന് ഭദ്രയുടെ തിരുമുന്പില്‍ കളമെഴുത്തും പാട്ടും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് രാത്രി 9.30 മുതല്‍ സിനിമാറ്റിക് ഡാന്‍സും അരങ്ങേറും.






























Tuesday, April 13, 2010

തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു


ദേവിയുടെ തിരുവാഭരണങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇപ്പോള്‍ നടയ്ക്കാവ് പിന്നിട്ടിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി കൊല്ലം ആനന്ദവല്ലീശ്വരത്തു നിന്നും പുറപ്പെട്ട ഘോഷയാത്രയ്ക്ക് സ്വീകരണങ്ങള്‍ നല്‍കാനും തിരുവാഭരണങ്ങള്‍ കണ്ട് വന്ദിക്കുവാനും വന്‍തിരക്കാണ് വീഥിയിലുടനീളം അനുഭവപ്പെടുന്നത്. അതിനാലാണ് ഘോഷയാത്ര ക്ഷേത്രത്തിലേക്കെത്താന്‍ വൈകുന്നത്. രാത്ര 10 മണിയോടുകൂടി മാത്രമേ ദേവിക്ക് തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദീപാരാധന നടത്താന്‍ സാധിക്കൂ എന്ന് കരുതുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന അന്തരീക്ഷമാണിപ്പോഴുള്ളത്. അതിനെ വകവയ്ക്കാതെ ധാരാളം ഭക്തജനങ്ങള്‍ ഇരു ചക്രവാഹനങ്ങളിലും കാല്‍ നടയായും തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

ഭക്തിസാന്ദ്രമായ തിരുവാഭരണഘോഷയാത്ര ഇന്ന്

പനയ്ക്കറ്റോടിലമ്മയുടെ, തങ്കനിര്‍മ്മിതമായ തിരുവങ്കിയും തിരുവടയാളവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 12 മണിക്കു ശേഷം കൊല്ലം ആനന്ദവല്ലീശ്വരത്തുനിന്നും ആരംഭിക്കും. നൂറു കണക്കിന് വാഹനങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. ഘോഷയാത്ര രാമന്‍കുളങ്ങര, കൊറ്റംകുളങ്ങര, ചവറഭരണിക്കാവ്, കൊട്ടുകാട്, പുത്തന്‍സങ്കേതം, കോയിവിള, പാവുന്പ, നടയ്ക്കാവ് തുടങ്ങിയ സ്ഥലങ്ങളിലൂടെ കുളങ്ങരവെള ദേവീപീഠത്തില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് താലപ്പൊലിയോടുകൂടി, ഉദയാദിത്യപുരം ശിവക്ഷേത്രം വഴി ക്ഷേത്രസന്നിധിയിലെത്തുകയും തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്യും.

Monday, April 12, 2010

പനയ്ക്കറ്റോടിലമ്മ ഉത്സവ പത്രം പ്രകാശനം നാളെ


പനയ്ക്കറ്റോടിലമ്മയുടെ തിരുവുത്സവത്തോടനുബന്ധിച്ച് ദേവീഭക്തര്‍ പ്രസിദ്ധീകരിച്ചുവരുന്ന ഉത്സവപത്രം പനയ്ക്കറ്റോടിലമ്മ യുടെ പ്രകാശനം നാളെ രാവിലെ 7.30ന് ക്ഷേത്ര സന്നിധിയില്‍ നടക്കും. ക്ഷേത്രം മേല്‍ശാന്തി കന്യാവാകുന്ന മനിത വിജയന് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിക്കുക. ഒപ്പം, ഉത്സവപത്രത്തിന്‍റെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക പതിപ്പ് നിവേദ്യത്തിന്‍റെ പ്രകാശന കര്‍മ്മവും നടക്കും. ചടങ്ങില്‍ പാവുന്പ ദേവീക്ഷേത്ര കന്യാവായ പാര്‍വതി പങ്കെടുക്കു.

മനിത വിജയന്‍ ഈ വര്‍ഷത്തെ കന്യാവ്

പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവത്തിനുള്ള കന്യാവായി തെക്കുംഭാഗം കുളങ്ങരക്കിഴക്കതില്‍ വിജയകുമാറിന്‍റെയും ജയലക്ഷ്മിയുടെയും മകള്‍ മനിതാവിജയനെ തിരഞ്ഞെടുത്തു. ഏപ്രില്‍ 6 ചൊവ്വാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍വച്ചാണ് മനിതാവിജയനെ നറുക്കെടുപ്പിലൂടെ കന്യാവായി തിരഞ്ഞെടുത്തത്. 15 ഓളം കുട്ടികള്‍ ഇത്തവണ കന്യാവാകാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ചവറ സൗത്ത് ഗവ.യു.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മനിത. കുളങ്ങരക്കിഴക്കതില്‍ വീട്ടില്‍ നിന്ന് കന്യാവാകാന്‍ അപേക്ഷ സമര്‍പ്പിച്ച കുട്ടികളെല്ലാം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്ന് അപൂര്‍വ്വ ഭാഗ്യവും ഇതോടെ ഈ കുടുംബത്തിനു ലഭിച്ചു.

Tuesday, March 30, 2010

തിരുവുത്സവം സമാഗതമാകുന്നു

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം ഏപ്രില്‍ 13-ാം തീയതി തിരുവാഭരണ ഘോഷയാത്രയോടെ ആരംഭിക്കും. 14ന് രാവിലെ ആയിരങ്ങള്‍ ദേവീസന്നിധിയില്‍ പൊങ്കാലയര്‍പ്പിക്കും. വിഷുദിനത്തിലാണ് അമ്മ നാടുകാണാനിറങ്ങുന്ന താലപ്പൊലി മഹോത്സവം. ഏപ്രില്‍ 24 ന് പള്ളിവേട്ടയും 25ന് ആറാട്ടും നടക്കും. മേടത്തിലെ ഉത്രത്തിന് കൊടിയിറങ്ങത്തക്ക വിധത്തിലാണ് പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ തിരുവുത്സവം നടക്കുക. നൂറ്റാണ്ടുകളായുള്ള ആചാരമാണിത്. ഇത്തവണ ഉത്രംനാള്‍ കൂടുതല്‍ നാഴിക വരുന്നത് 25-ാം തീയതിയാണ്.

താലപ്പൊലിക്കുള്ള കന്യാവിനെ ഏപ്രില്‍ 6 ന് ദീപാരാധനയ്ക്ക് ശേഷം ദേവീസന്നിധിയില്‍ വച്ച് തിരഞ്ഞെടുക്കും. പനയ്കറ്റോടിലമ്മ അര്‍ച്ചനാപത്രിക എന്ന തിരുവുത്സവ പത്രം പ്രസിദ്ധീകരണത്തിന്റെ പത്താം വര്‍ഷം ആഘോഷിക്കുന്നു എന്ന പ്രത്യേകതകൂടി ഈ വര്‍ഷത്തെ തിരുവുത്സവത്തിനുണ്ട്.

Footer

Template Information

Template Updates