Thursday, June 18, 2009

പനയ്ക്കറ്റോടില്‍ ഭഗവതി ക്ഷേത്രം

ക്ഷിണകേരളത്തിലെ പേരുകേട്ട ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് പനയ്ക്കറ്റോടില്‍ ഭഗവതി ക്ഷേത്രം. കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്താണ് അതിപുരാതനമായ ഹൈന്ദവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട മനോഹരമായ ഒരു ഗ്രാമമാണ് തെക്കുംഭാഗം. ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിയെക്കുറിച്ച് ആധികാരികമായ ചരിത്രരേഖകളൊന്നും ഇപ്പോള്‍ ലഭ്യമല്ല. എങ്കിലും ആയിരത്തിലേറെ വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുള്ളതായി വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രം നിലകൊള്ളുന്ന ഗ്രാമത്തില്‍ പുരാതന കാലത്ത് ജനവാസം തീരെ കുറവായിരുന്നു. ഒരിക്കല്‍ ദേശാന്തിരയായി ചുറ്റിത്തിരഞ്ഞ ഒരു നന്പൂതിരി യുവാവ് തന്‍റെ യാത്രയ്ക്കിടെ ഗ്രാമത്തിലെത്തിച്ചേര്‍ന്നു. തച്ചുശാസ്ത്രത്തില്‍ അതി നിപുണനായിരുന്ന കോയിപ്പുറത്ത് നന്പീശനാശാരിയും നന്പൂതിരിയുവാവുമായി കണ്ടുമുട്ടാന്‍ ഇടയായി. ഈഗ്രാമത്തില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ക്കുറിച്ച് അവര്‍ സംസാരിച്ചു. ആശാരി നിര്‍മ്മിച്ച ആരൂഢത്തില്‍ ഭദ്രകാളി പ്രതിഷ്ഠ നിര്‍വഹിച്ച് നന്പൂതിരി ശാന്തിക്കാരനായി അവിടെ കഴിഞ്ഞു. തുടര്‍ന്ന് ക്ഷേത്ര ശ്രീകോവില്‍, മണ്ഡപം, ചുറ്റന്പലം, ബലിക്കല്‍പ്പുര തുടങ്ങിയവ നിര്‍മ്മിച്ചു. ക്ഷേത്രം പ്രശസ്തമായതോടെ ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരാനും തുടങ്ങി. തെക്കുംഭാഗത്ത് വളയാപ്പള്ളില്‍ കുടുംബവക സ്ഥലത്തായിരുന്നു ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ക്ഷേത്രനിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത് മഞ്ഞിപ്പുഴ തന്പുരാനായിരുന്നെന്ന് ചില രേഖകളില്‍ കാണുന്നുണ്ട്.
കൊല്ല വര്‍ഷം 1121ല്‍ (1946ല്‍ ) ക്ഷേത്രം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായി.

Tuesday, May 5, 2009

ദേവിക്ക് ഇന്ന് തിരുവാറാട്ട്

പനയ്ക്കറ്റോടിലമ്മ കുളങ്ങരവെളി ദേവീപീഠത്തില്‍ ആറാട്ടിനായി എത്തുന്ന ആറാട്ടുമഹോത്സവം ഇന്നാണ്. മാലിഭാഗം കിഴക്കേകരക്കാരുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉത്സവം നടത്തുന്നത്. രാവിലെ ക്ഷേത്രത്തില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ കൊടിയിറക്ക് ചടങ്ങ് നടക്കും. വൈകിട്ട് കുളങ്ങരവെളി മൈതാനത്ത് നടക്കുന്ന കെട്ടുകാഴ്ച എല്ലാകരക്കാരും ചേര്‍ന്നാണ് നടത്തുന്നത്. രാത്രി എട്ടുമണിക്ക് തീര്‍ത്ഥക്കുളത്തില്‍ തിരുവാറാട്ട് നടക്കും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും. വെളുപ്പിന് ബാലികമാരുടെ താലപ്പൊലി അകന്പടിയോടെ ദേവി ഉദയാദിത്യപുരം ശിവക്ഷേത്രം വഴി തിരിച്ച് പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെത്തിച്ചേരുന്നതോടെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് സമാപനമാകും.

Monday, May 4, 2009

പള്ളിവേട്ടയുത്സവ ദൃശ്യങ്ങള്‍




ഇന്ന് പള്ളിവേട്ട മഹോത്സവം

വടക്കുംഭാഗം കരക്കാരുടെ നേതൃത്വത്തിലാണ് പള്ളിവേട്ട മഹോത്സവം നടത്തുന്നത്. ക്ഷേത്രത്തിലെ സാധാരണ പരിപാടികള്‍ക്കു പുറമേ അന്‍പതോളം ഗജവീരന്മാര്‍ പങ്കെടുക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന കെട്ടുകാഴ്ച ഉണ്ടായിരിക്കും. പോയവര്‍ഷം മുതല്‍ പള്ളിവേട്ടയ്ക്ക് എടുപ്പുകുതിരയും തയ്യാറാക്കുന്നുണ്ട്. കെട്ടുകാഴ്ച വൈകിട്ട് 3 മണിക്ക് വടക്കുംഭാഗം ശ്രീ അമ്മയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. രാത്ര 7മുതല്‍ 12.30 വരെ സേവ. ചമയവിളക്ക് ഘോഷയാത്ര 8 മണിക്ക് അമ്മയാര്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.12.30 മുതല്‍ പള്ളിവേട്ടയെഴുന്നള്ളത്ത്. രാത്രി 1 മണിമുതല്‍ നാടകം- അച്ഛനിവിടെ സുഖമാണ്, അവതരണം-ഗീഥാ കമ്മ്യൂണിക്കേഷന്‍സ്.

Sunday, May 3, 2009

ഉത്സവബലി, അന്നദാനം, ആനയൂട്ട്-എട്ടാം ഉത്സവം അതിഗംഭീരം



ആനയൂട്ട് പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ ആദിത്യന്‍ ഉദ്ഘാനം ചെയ്യുന്നു






Saturday, May 2, 2009

ദീപങ്ങളുടെ ഉത്സവമായി ഏഴാം ഉത്സവം

ചമയവിളക്കു ഘോഷയാത്രകള്‍ നിറം പകരുന്ന പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ തിരുവുത്സവദിനങ്ങളിലെ ഏഴാം ഉത്സവം അക്ഷരാര്‍ത്ഥത്തില്‍ ദീപങ്ങളുടെ ഉത്സവമായി മാറി. മാലിഭാഗം പടിഞ്ഞാറ്റക്കരയില്‍ നിന്നും കിഴക്കേകരയില്‍ നിന്നും പുറപ്പെട്ട് ഉദയാദിത്യപുരം ശിവക്ഷേത്രത്തില്‍ ഒന്നിച്ച ഘോഷയാത്രയില്‍ അസംഖ്യം ബാലികമാര്‍ ചമയവിളക്കേന്തി ദേവീസന്നിധിയിലേക്ക് യാത്രയായി. വിളക്കു കാണാന്‍ വീഥികള്‍ക്കിരുവശവും ജനങ്ങള്‍ തിങ്ങിനിറഞ്ഞു. ഘോഷയാത്ര അല്പം മുന്‍പ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. നാല്പതോളം ഗജവീരന്മാരും മനോഹരമായ ഫ്ലോട്ടും ഘോഷയാത്രയ്ക്ക് ചാരുതയേകി. ഘോഷയാത്രയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍











ഇന്ന് ഏഴാം ഉത്സവം (മേയ് 2 ശനിയാഴ്ച)

ഈ വര്‍ഷത്തെ ഏഴാം ഉത്സവം മാലിഭാഗം പടിഞ്ഞാറ്റേക്കരയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. രാവിലെ വിളക്കിനെഴുന്നള്ളിപ്പ് ഉച്ചയ്ക്ക് അന്നദാനം വൈകിട്ട് കാഴ്ചശീവേലി രാത്രി സേവ. രാത്രി 7.30 മുതല്‍ നിറപ്പകിട്ടാര്‍ന്ന ചമയവിളക്ക് ഘോഷയാത്ര ഗജവീരന്മാരുടേയും വാദ്യമേളങ്ങളുടേയും അകന്പടിയോടുകൂടി കുളങ്ങരവെളി ദേവീപീഠസന്നിധിയില്‍ നിന്നും ആരംഭിച്ച് പനവിള ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ശ്രീ ഉദയാദിത്യപുരം ശിവക്ഷേത്രം വഴി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. ഘോഷയാത്ര ശിവക്ഷേത്രത്തില്‍ എത്തിച്ചേരുന്പോള്‍ മാലിഭാഗം കിഴക്കേകരയുടെ ചമയവിളക്കും അതിനൊപ്പം ചേരുന്നു. രാത്രി 12.30 മുതല്‍ അടൂര്‍ വിശ്വകല അവതരിപ്പിക്കുന്ന ഡ്രാമസ്ക്കോപ്പ് നൃത്തനാടകം ദേവീപുരാണം.

Friday, May 1, 2009

ആറാം ഉത്സവം ഭക്തിസാന്ദ്രമായി

നടുവത്തുചേരി കരയില്‍ നിന്നും പുറപ്പെട്ട ചമയവിളക്ക് ഘോഷയാത്രയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍

ക്ഷേത്രത്തില്‍ നടന്ന സേവ- ദേവി ആനപ്പുറത്തെഴുന്നള്ളി നാദസ്വരം ആസ്വദിക്കുന്നു.


മാലിഭാഗം കിഴക്കേകരയോഗ ഭാരവാഹികള്‍ ക്ഷേത്രമൈതാനിയില്‍ ചേര്‍ന്ന യോഗം

ഗജവീരന്മാര്‍ പ്രവഹിക്കുന്നു

കരയുത്സവങ്ങള്‍ തുടങ്ങുന്ന ആറാം ഉത്സവം മുതല്‍ ക്ഷേത്രത്തിലേക്ക് ഗജവീരന്മാരുടെ ഒഴുക്കാണ് സാധാരണ കണ്ടുവരുന്നത്. ഈ വര്‍ഷവും പതിവ് തെറ്റിയില്ല. രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് ഗജവീരന്മാര്‍ എത്തി തുടങ്ങി. ഉദ്യോഗപ്രാപ്തിക്കും ഉദ്ദിഷ്ടകാര്യ സിദ്ധിക്കും ഭക്തജനങ്ങള്‍ ഉത്സവത്തിന് ആനയെ നേര്‍ച്ചയായി എഴുന്നള്ളിക്കുന്ന പതിവ് പണ്ടേയുണ്ട്. ഭക്തവത്സലയായ ദേവിയുടെ അനുഗ്രഹം ലഭ്യമാകുന്നതിന്‍റെ ഉത്തമോദാഹരണങ്ങളാണ് ഉത്സവദിനങ്ങളില്‍ ഗജവീരന്മാരുടെ ആധിക്യം കണ്ടുവരുന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ ഗജവീരന്മാര്‍ വിളക്കിനെഴുന്നള്ളിപ്പിനു ശേഷം ഭഗവതിയെ വന്ദിച്ച് ക്ഷേത്രപ്രദക്ഷിണം നടത്തി നേര്‍ച്ച നടത്തുന്ന ഭക്തരുടെ ഗൃഹങ്ങളിലേക്ക് യാത്രയായി. ഇനി വൈകിട്ട് ചമയവിളക്കുഘോഷയാത്രയ് ക്കൊപ്പം അവ ക്ഷേത്രത്തിലേക്കെത്തും.






ഇന്ന് (മേയ് 1) ആറാം ഉത്സവം

കരയോഗ നേതൃത്വത്തിലുള്ള ഉത്സവങ്ങള്‍ ഇന്ന് ആരംഭിക്കുന്നു. ഈ ഉത്സവദിവസങ്ങളുടെ പ്രത്യേകത നയനാനന്ദകരമായ ചമയവിളക്ക് ഘോഷയാത്രകള്‍ ഉണ്ടെന്നുള്ളതാണ്. നടുവത്തുചേരി കരക്കാരുടെ നേതൃത്വത്തിലുള്ള ഉത്സവമായ ഇന്ന്ക്ഷേത്രത്തില്‍ വിവിധ പരിപാടികളാണ് ഉള്ളത്.അന്നദാനം ,കാഴ്ച ശീവേലി, സേവ തുടങ്ങിയവയക്ക് പുറമേ വൈകിട്ട് ഏഴുമണിമുതല്‍ മനോഹരമായ ചമയവിളക്ക് ഘോഷയാത്ര യും ഉണ്ടായിരിക്കുന്നതാണ്. കുളങ്ങരവെളി ദേവീപീഠസന്നിധിയില്‍ നിന്നും വിവിധ വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകന്പടിയോടെ പുറപ്പെടുന്ന ചമയവിളക്ക് ഘോഷയാത്ര പൊന്നോടില്‍ മുക്ക്, അഴകത്ത് മുക്ക്, കുളങ്ങരവെളി ദേവീപീഠം, ഉദയാദിത്യപുരം ശിവക്ഷേത്രം എന്നിവിടങ്ങളിലൂടെ ക്ഷേത്രത്തിലെത്തിച്ചേരുന്നു. രാത്ര 12 മണിമുതല്‍ നാടകം, കൊല്ലം വിശ്വഭാവന അവതരിപ്പിക്കുന്ന അവതാരപുരുഷന്‍ .

Thursday, April 30, 2009

നാല്‍പ്പത്തിരുനാഴി അളന്നു

ആറാംഉത്സവം നടത്തുന്ന നടുവത്തുചേരി കരക്കാര്‍ ഇന്ന് നാല്പത്തിരുനാഴി അളന്നു. ഓരോ ഉത്സവവും നടത്തുന്നവര്‍ തലേദിവസം ക്ഷേത്രത്തിലെത്തി ദീപാരാധനയ്ക്കുശേഷം അടുത്ത ദിവസം തങ്ങള്‍ നടത്തുന്ന ഉത്സവചടങ്ങുകളെക്കുറിച്ചും പരിപാടികളെ കുറിച്ചും ക്ഷേത്രകാര്യസ്ഥനെ ( ദേവസ്വം സബ്ഗ്രുപ്പ് ഓഫീസറെ) അറിയിക്കുന്ന ചടങ്ങാണിത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ ചടങ്ങില്‍ ഉത്സവദിനത്തില്‍ ക്ഷേത്രത്തിലേക്ക് വേണ്ടുന്ന ചെലവുകള്‍ക്കായി 42 നാഴി അരി അളന്നു നല്‍കുന്നു. അതിനാലാണ് ഈ ചടങ്ങിന് നാല്പത്തിരുനാഴി അളവ് എന്ന പേര് സിദ്ധിച്ചത്. ഇപ്പോള്‍ അരി അളന്നു നല്‍കാറില്ല, മുപ്പത്തിയൊന്‍പത് രൂപ അന്‍പത് പൈസ സബ്ഗ്രൂപ്പ് ഓഫീസര്‍ക്കു നല്‍കി രസീത് വാങ്ങുന്നു. ഓഫീസര്‍ കരക്കാര്‍ക്ക് നാലുംകൂട്ടിയുള്ള മുറുക്കാന്‍ (വെറ്റില, അടക്ക, ചുണ്ണാന്പ്, പുകയില) നല്‍കി യാത്രയാക്കുന്നു.

സംഗീതാര്‍ച്ചന

അഞ്ചാം ഉത്സവമായ ഇന്ന് ക്ഷേത്രത്തില്‍ കുമാരി സ്വാതി കൃഷ്ണന്‍െറ സംഗീതാര്‍ച്ചന അരങ്ങേറി. സംഗീതകച്ചേരി ആസ്വദിക്കാന്‍ ധാരാളം ഭക്തജനങ്ങള്‍ എത്തിയിരുന്നു.


അര്‍ച്ചനാപത്രിക 2009

2009 ലെ അര്‍ച്ചനാപത്രിക ലഭിക്കാന്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ മതി.

Page 6

Page 5

സന്ദര്‍ശിക്കുക

ക്ഷേത്രത്തിലെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക
പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രം
അഞ്ചാം ഉത്സവം ക്ഷേത്ര ഊരാഴ്മക്കാരായ അഴകത്ത് കുടുംബക്കരാണ് നടത്തുന്നത്. ഇന്ന് രാത്രി 7.30 മുതല്‍ സംഗീതാര്‍ച്ചന, പാടുന്നത് കുമാരി സ്വാതി കൃഷ്ണന്‍

Wednesday, April 29, 2009

കഥകളി അരങ്ങേറുന്നു

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തില്‍ ഇന്ന് നാലാം ഉത്സവമാണ്. പൊന്നോടില്‍ കുടുംബത്തിനാണ് ക്ഷേത്രത്തിലെ നാലാം ഉത്സവം നടത്തുന്നതിനുള്ള അവകാശം ലഭിച്ചിരിക്കുന്നത്. ക്ഷേത്രസന്നിധിയില്‍ ഇപ്പോള്‍ കഥകളി അരങ്ങേറുകയാണ്. കഥകളി നേര്‍ച്ചയായി നടത്തുന്നത് മാലിഭാഗം പടിഞ്ഞാറ് മോഹനാലയത്തില്‍ ശശിധരന്‍പിള്ള എന്ന ദേവീഭക്തനാണ്. കലാമണ്ഡലം ഗോപി ഒരുങ്ങുന്നു.
മാസ്റ്റര്‍ അനന്തു രംഗത്തെത്താന്‍ തയ്യാറെടുക്കുന്നു,
മൊബൈലില്‍ പകര്‍ത്തിയ ചില ദൃശ്യങ്ങള്‍ താഴെ








വാഹനഘോഷയാത്ര

ക്ഷേത്രത്തിലെ മൂന്നാം ഉത്സവത്തിനു നടന്ന വാഹനഘോഷയാത്രയില്‍ നിന്നും ചില ദൃശ്യങ്ങള്‍







Footer

Template Information

Template Updates