Tuesday, April 13, 2010

തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു


ദേവിയുടെ തിരുവാഭരണങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇപ്പോള്‍ നടയ്ക്കാവ് പിന്നിട്ടിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി കൊല്ലം ആനന്ദവല്ലീശ്വരത്തു നിന്നും പുറപ്പെട്ട ഘോഷയാത്രയ്ക്ക് സ്വീകരണങ്ങള്‍ നല്‍കാനും തിരുവാഭരണങ്ങള്‍ കണ്ട് വന്ദിക്കുവാനും വന്‍തിരക്കാണ് വീഥിയിലുടനീളം അനുഭവപ്പെടുന്നത്. അതിനാലാണ് ഘോഷയാത്ര ക്ഷേത്രത്തിലേക്കെത്താന്‍ വൈകുന്നത്. രാത്ര 10 മണിയോടുകൂടി മാത്രമേ ദേവിക്ക് തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദീപാരാധന നടത്താന്‍ സാധിക്കൂ എന്ന് കരുതുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന അന്തരീക്ഷമാണിപ്പോഴുള്ളത്. അതിനെ വകവയ്ക്കാതെ ധാരാളം ഭക്തജനങ്ങള്‍ ഇരു ചക്രവാഹനങ്ങളിലും കാല്‍ നടയായും തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

പനയ്ക്കറ്റോടിലമ്മ ഉത്സവ പത്രം


നയ്ക്കറ്റോടിലമ്മ ഉത്സവപത്രത്തിന്റെ ഈ വര്‍ഷത്തെ പതിപ്പിന്റെ പ്രകാശനം ഇന്ന് രാവിലെ ക്ഷേത്ര സന്നിധിയില്‍ നടന്നു. താലപ്പൊലിമഹോത്സവത്തിനുള്ള കന്യാവ് മനിതവിജയനും പാവുന്പ ക്ഷേത്രത്തിലെ കന്യാവായ പാര്‍വ്വതിയും ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ചടങ്ങില്‍ ക്ഷേത്രോപദേശകസമിതി ഭാരവാഹികളും ഉത്സവ പത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

ഉത്സവപത്രം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടം സന്ദര്‍ശിക്കുക.

ഭക്തിസാന്ദ്രമായ തിരുവാഭരണഘോഷയാത്ര ഇന്ന്

പനയ്ക്കറ്റോടിലമ്മയുടെ, തങ്കനിര്‍മ്മിതമായ തിരുവങ്കിയും തിരുവടയാളവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 12 മണിക്കു ശേഷം കൊല്ലം ആനന്ദവല്ലീശ്വരത്തുനിന്നും ആരംഭിക്കും. നൂറു കണക്കിന് വാഹനങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. ഘോഷയാത്ര രാമന്‍കുളങ്ങര, കൊറ്റംകുളങ്ങര, ചവറഭരണിക്കാവ്, കൊട്ടുകാട്, പുത്തന്‍സങ്കേതം, കോയിവിള, പാവുന്പ, നടയ്ക്കാവ് തുടങ്ങിയ സ്ഥലങ്ങളിലൂടെ കുളങ്ങരവെള ദേവീപീഠത്തില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് താലപ്പൊലിയോടുകൂടി, ഉദയാദിത്യപുരം ശിവക്ഷേത്രം വഴി ക്ഷേത്രസന്നിധിയിലെത്തുകയും തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്യും.

Monday, April 12, 2010

പനയ്ക്കറ്റോടിലമ്മ ഉത്സവ പത്രം പ്രകാശനം നാളെ


പനയ്ക്കറ്റോടിലമ്മയുടെ തിരുവുത്സവത്തോടനുബന്ധിച്ച് ദേവീഭക്തര്‍ പ്രസിദ്ധീകരിച്ചുവരുന്ന ഉത്സവപത്രം പനയ്ക്കറ്റോടിലമ്മ യുടെ പ്രകാശനം നാളെ രാവിലെ 7.30ന് ക്ഷേത്ര സന്നിധിയില്‍ നടക്കും. ക്ഷേത്രം മേല്‍ശാന്തി കന്യാവാകുന്ന മനിത വിജയന് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിക്കുക. ഒപ്പം, ഉത്സവപത്രത്തിന്‍റെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക പതിപ്പ് നിവേദ്യത്തിന്‍റെ പ്രകാശന കര്‍മ്മവും നടക്കും. ചടങ്ങില്‍ പാവുന്പ ദേവീക്ഷേത്ര കന്യാവായ പാര്‍വതി പങ്കെടുക്കു.

മനിത വിജയന്‍ ഈ വര്‍ഷത്തെ കന്യാവ്

പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവത്തിനുള്ള കന്യാവായി തെക്കുംഭാഗം കുളങ്ങരക്കിഴക്കതില്‍ വിജയകുമാറിന്‍റെയും ജയലക്ഷ്മിയുടെയും മകള്‍ മനിതാവിജയനെ തിരഞ്ഞെടുത്തു. ഏപ്രില്‍ 6 ചൊവ്വാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍വച്ചാണ് മനിതാവിജയനെ നറുക്കെടുപ്പിലൂടെ കന്യാവായി തിരഞ്ഞെടുത്തത്. 15 ഓളം കുട്ടികള്‍ ഇത്തവണ കന്യാവാകാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ചവറ സൗത്ത് ഗവ.യു.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മനിത. കുളങ്ങരക്കിഴക്കതില്‍ വീട്ടില്‍ നിന്ന് കന്യാവാകാന്‍ അപേക്ഷ സമര്‍പ്പിച്ച കുട്ടികളെല്ലാം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്ന് അപൂര്‍വ്വ ഭാഗ്യവും ഇതോടെ ഈ കുടുംബത്തിനു ലഭിച്ചു.

Tuesday, March 30, 2010

തിരുവുത്സവം സമാഗതമാകുന്നു

പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം ഏപ്രില്‍ 13-ാം തീയതി തിരുവാഭരണ ഘോഷയാത്രയോടെ ആരംഭിക്കും. 14ന് രാവിലെ ആയിരങ്ങള്‍ ദേവീസന്നിധിയില്‍ പൊങ്കാലയര്‍പ്പിക്കും. വിഷുദിനത്തിലാണ് അമ്മ നാടുകാണാനിറങ്ങുന്ന താലപ്പൊലി മഹോത്സവം. ഏപ്രില്‍ 24 ന് പള്ളിവേട്ടയും 25ന് ആറാട്ടും നടക്കും. മേടത്തിലെ ഉത്രത്തിന് കൊടിയിറങ്ങത്തക്ക വിധത്തിലാണ് പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെ തിരുവുത്സവം നടക്കുക. നൂറ്റാണ്ടുകളായുള്ള ആചാരമാണിത്. ഇത്തവണ ഉത്രംനാള്‍ കൂടുതല്‍ നാഴിക വരുന്നത് 25-ാം തീയതിയാണ്.

താലപ്പൊലിക്കുള്ള കന്യാവിനെ ഏപ്രില്‍ 6 ന് ദീപാരാധനയ്ക്ക് ശേഷം ദേവീസന്നിധിയില്‍ വച്ച് തിരഞ്ഞെടുക്കും. പനയ്കറ്റോടിലമ്മ അര്‍ച്ചനാപത്രിക എന്ന തിരുവുത്സവ പത്രം പ്രസിദ്ധീകരണത്തിന്റെ പത്താം വര്‍ഷം ആഘോഷിക്കുന്നു എന്ന പ്രത്യേകതകൂടി ഈ വര്‍ഷത്തെ തിരുവുത്സവത്തിനുണ്ട്.

Sunday, January 31, 2010

പനയ്ക്കറ്റോടിലമ്മയ്ക്ക് സ്വര്‍ണ്ണക്കൊടിമരം



തിപുരാതനവും പ്രശസ്തവുമായ ചവറതെക്കുംഭാഗം ശ്രീ പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രത്തിലെ നിലവിലുള്ള കൊടിമരത്തിനു പകരം സ്വര്‍ണ്ണക്കൊടിമരം നിര്‍മ്മിക്കുവാന്‍ ബഹുമാനപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ നിന്നും ഉത്തരവായവിവരം എല്ലാ ഭക്തജനങ്ങളേയും ഭക്തിപുരസ്സരം അറിയിച്ചുകൊള്ളുന്നു. നാടിന്‍റെയും ഭക്തജനങ്ങളുടെയും ഐശ്വര്യത്തിനും ക്ഷേമത്തിനും സ്വര്‍ണ്ണക്കൊടിമരനിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടത് ആവശ്യമാണ്. ഇതിനുവേണ്ടി ക്ഷേത്ര ഉപദേശകസമിതിയും സ്വര്‍ണ്ണക്കൊടിമര നിര്‍മ്മാണ കമ്മിറ്റിയും തീവ്രശ്രമത്തിലാണ്.
ഭക്തവത്സലയും സര്‍വ്വമംഗളദായിനിയുമായ ശ്രീ പനയ്കറ്റോടില്‍ദേവിയുടെ സ്വര്‍ണ്ണക്കൊടിമരനിര്‍മ്മാണം കാലവിളംബം കൂടാതെ പൂര്‍ത്തീകരിക്കുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും നിര്‍ല്ലോഭമായ സഹായസഹകരണം ഉണ്ടാകണമെന്ന് ദേവീനാമത്തില്‍ അപേക്ഷിച്ചുകൊള്ളുന്നു.
മാന്യഭക്തജനങ്ങളുടെ സംഭാവനകള്‍ എസ്.ബി.ടി. ചവറതെക്കുംഭാഗം ബ്രാഞ്ചിലെ 67062286058 എന്ന അക്കൗണ്ടിലേക്കോ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്കോ അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
K. Sivasankara Pillai,
President,
Panackattodil Temple Swarnakodimara Nirmmana Committee,
Eswaran Vilayil,
Malibhagom,
Chavara South P.O.,
Kollam-691584

Thursday, June 18, 2009

പനയ്ക്കറ്റോടില്‍ ഭഗവതി ക്ഷേത്രം

ക്ഷിണകേരളത്തിലെ പേരുകേട്ട ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് പനയ്ക്കറ്റോടില്‍ ഭഗവതി ക്ഷേത്രം. കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്താണ് അതിപുരാതനമായ ഹൈന്ദവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട മനോഹരമായ ഒരു ഗ്രാമമാണ് തെക്കുംഭാഗം. ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിയെക്കുറിച്ച് ആധികാരികമായ ചരിത്രരേഖകളൊന്നും ഇപ്പോള്‍ ലഭ്യമല്ല. എങ്കിലും ആയിരത്തിലേറെ വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുള്ളതായി വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രം നിലകൊള്ളുന്ന ഗ്രാമത്തില്‍ പുരാതന കാലത്ത് ജനവാസം തീരെ കുറവായിരുന്നു. ഒരിക്കല്‍ ദേശാന്തിരയായി ചുറ്റിത്തിരഞ്ഞ ഒരു നന്പൂതിരി യുവാവ് തന്‍റെ യാത്രയ്ക്കിടെ ഗ്രാമത്തിലെത്തിച്ചേര്‍ന്നു. തച്ചുശാസ്ത്രത്തില്‍ അതി നിപുണനായിരുന്ന കോയിപ്പുറത്ത് നന്പീശനാശാരിയും നന്പൂതിരിയുവാവുമായി കണ്ടുമുട്ടാന്‍ ഇടയായി. ഈഗ്രാമത്തില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ക്കുറിച്ച് അവര്‍ സംസാരിച്ചു. ആശാരി നിര്‍മ്മിച്ച ആരൂഢത്തില്‍ ഭദ്രകാളി പ്രതിഷ്ഠ നിര്‍വഹിച്ച് നന്പൂതിരി ശാന്തിക്കാരനായി അവിടെ കഴിഞ്ഞു. തുടര്‍ന്ന് ക്ഷേത്ര ശ്രീകോവില്‍, മണ്ഡപം, ചുറ്റന്പലം, ബലിക്കല്‍പ്പുര തുടങ്ങിയവ നിര്‍മ്മിച്ചു. ക്ഷേത്രം പ്രശസ്തമായതോടെ ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരാനും തുടങ്ങി. തെക്കുംഭാഗത്ത് വളയാപ്പള്ളില്‍ കുടുംബവക സ്ഥലത്തായിരുന്നു ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ക്ഷേത്രനിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത് മഞ്ഞിപ്പുഴ തന്പുരാനായിരുന്നെന്ന് ചില രേഖകളില്‍ കാണുന്നുണ്ട്.
കൊല്ല വര്‍ഷം 1121ല്‍ (1946ല്‍ ) ക്ഷേത്രം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായി.

Tuesday, May 5, 2009

ദേവിക്ക് ഇന്ന് തിരുവാറാട്ട്

പനയ്ക്കറ്റോടിലമ്മ കുളങ്ങരവെളി ദേവീപീഠത്തില്‍ ആറാട്ടിനായി എത്തുന്ന ആറാട്ടുമഹോത്സവം ഇന്നാണ്. മാലിഭാഗം കിഴക്കേകരക്കാരുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉത്സവം നടത്തുന്നത്. രാവിലെ ക്ഷേത്രത്തില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ കൊടിയിറക്ക് ചടങ്ങ് നടക്കും. വൈകിട്ട് കുളങ്ങരവെളി മൈതാനത്ത് നടക്കുന്ന കെട്ടുകാഴ്ച എല്ലാകരക്കാരും ചേര്‍ന്നാണ് നടത്തുന്നത്. രാത്രി എട്ടുമണിക്ക് തീര്‍ത്ഥക്കുളത്തില്‍ തിരുവാറാട്ട് നടക്കും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും. വെളുപ്പിന് ബാലികമാരുടെ താലപ്പൊലി അകന്പടിയോടെ ദേവി ഉദയാദിത്യപുരം ശിവക്ഷേത്രം വഴി തിരിച്ച് പനയ്ക്കറ്റോടില്‍ ക്ഷേത്രത്തിലെത്തിച്ചേരുന്നതോടെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് സമാപനമാകും.

Monday, May 4, 2009

പള്ളിവേട്ടയുത്സവ ദൃശ്യങ്ങള്‍




ഇന്ന് പള്ളിവേട്ട മഹോത്സവം

വടക്കുംഭാഗം കരക്കാരുടെ നേതൃത്വത്തിലാണ് പള്ളിവേട്ട മഹോത്സവം നടത്തുന്നത്. ക്ഷേത്രത്തിലെ സാധാരണ പരിപാടികള്‍ക്കു പുറമേ അന്‍പതോളം ഗജവീരന്മാര്‍ പങ്കെടുക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന കെട്ടുകാഴ്ച ഉണ്ടായിരിക്കും. പോയവര്‍ഷം മുതല്‍ പള്ളിവേട്ടയ്ക്ക് എടുപ്പുകുതിരയും തയ്യാറാക്കുന്നുണ്ട്. കെട്ടുകാഴ്ച വൈകിട്ട് 3 മണിക്ക് വടക്കുംഭാഗം ശ്രീ അമ്മയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. രാത്ര 7മുതല്‍ 12.30 വരെ സേവ. ചമയവിളക്ക് ഘോഷയാത്ര 8 മണിക്ക് അമ്മയാര്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.12.30 മുതല്‍ പള്ളിവേട്ടയെഴുന്നള്ളത്ത്. രാത്രി 1 മണിമുതല്‍ നാടകം- അച്ഛനിവിടെ സുഖമാണ്, അവതരണം-ഗീഥാ കമ്മ്യൂണിക്കേഷന്‍സ്.

Sunday, May 3, 2009

ഉത്സവബലി, അന്നദാനം, ആനയൂട്ട്-എട്ടാം ഉത്സവം അതിഗംഭീരം



ആനയൂട്ട് പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ ആദിത്യന്‍ ഉദ്ഘാനം ചെയ്യുന്നു






Footer

Template Information

Template Updates